ന്യൂഡൽഹി: പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസി) ചെയർമാനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയെ വീണ്ടും നിയമിച്ചു.
കേരളത്തിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വേണുഗോപാൽ തുടർച്ചയായ രണ്ടാം തവണയും പിഎസി അധ്യക്ഷനാകുന്നത്. ഭരണകക്ഷിക്കു ഭൂരിപക്ഷമുള്ള പിഎസിയിലെ 31 അംഗങ്ങളിൽ വേണുഗോപാൽ മാത്രമാണു കേരളത്തിൽ നിന്നുള്ളത്.
സ്പീക്കർ ഓം ബിർളയാണ് വേണുഗോപാലിനെ വീണ്ടും അധ്യക്ഷനായി നിയമിച്ച് സമിതി പുനഃസംഘടിപ്പിച്ചത്. പാർലമെന്റ് സമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും കൂടുതൽ അധികാരങ്ങളുള്ളതും പ്രതിപക്ഷത്തിന് അധ്യക്ഷസ്ഥാനം ലഭിക്കുന്നതുമാണ് പിഎസി.
പൊതുസംരംഭങ്ങളുടെ സമിതിയായ പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റിയുടെ (പിയുസി) ചെയർമാനായി ബിജെപിയുടെ ബൈജയന്ത് പാണ്ട നിയമിതനായി. പട്ടികജാതി, വർഗ ക്ഷേമ സമിതി ചെയർമാനായി ബിജെപിയിലെ ഫഗൻ സിംഗ് കുലസ്തെയെയും എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനായി ബിജെപി നേതാവ് സഞ്ജയ് ജയ്സ്വാളിനെയും സ്പീക്കർ നിയമിച്ചു. സിപിഎമ്മിലെ ജോണ് ബ്രിട്ടാസ് പിയുസിയിലും വി. ശിവദാസൻ പട്ടികജാതി, വർഗ സമിതിയിലും അംഗമാണ്.
ബിജെപി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ രവിശങ്കർ പ്രസാദ്, അനുരാഗ് താക്കൂർ എന്നിവരും നിഷികാന്ത് ദുബെ, അശോക് റാവു ചവാൻ, ജഗദാംബിക പാൽ, സി.എം. രമേഷ് തുടങ്ങിയവരും ഡിഎംകെയുടെ ടി.ആർ. ബാലു, ടിഎംസിയുടെ കല്യാണ് ബാനർജി, എൻസിപിയുടെ പ്രഫുൽ പട്ടേൽ, എസ്പിയുടെ ധർമേന്ദ്ര യാദവ്, ടിഡിപിയുടെ മഗുന്ത ശ്രീനിവാസുലു റെഡ്ഢി തുടങ്ങിയവരും സമിതിയംഗങ്ങളാണ്.
ബിജെപിയിലെ അപരാജിത സാരംഗിയാണ് ഏക വനിതാ അംഗം. പാർലമെന്റ് അനുവദിച്ച ഫണ്ടുകൾ അംഗീകൃത പരിധിക്കുള്ളിൽ സർക്കാർ ചെലവഴിച്ചുവെന്ന് ഉറപ്പാക്കുകയാണ് പിഎസിയുടെ പ്രധാന കടമ. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റ് റിപ്പോർട്ട് പിഎസി പരിശോധിക്കും.